2024 നവംബർ 14, വ്യാഴാഴ്‌ച

കാവശ്ശേരി

കാവശ്ശേരി. പാലക്കാട് ഉള്ള ഒരു കൊച്ചു ഗ്രാമം. എൻ്റെ ഓർമ്മ വെച്ച കാലം അവിടന്നാണ്‌ തുടങ്ങുന്നത്. കാവശ്ശേരി പൂരം വളരെ ഫേമസ് ആണ്. ഒരു വലിയ മന പോലത്തെ  വീട്ടിലാണ് അപ്പോൾ വാടകക്ക് താമസിച്ചിരുന്നത്. ഒരു വലിയ രണ്ടു നില വീട്. ചുറ്റിലുമായി ഏകദേശം ഒരു മൂന്നേക്കർ സ്ഥലം കാണും. മരത്തിന്റെ വലിയൊരു കവാടം പോലത്തെ ഗേറ്റ് ആണ്. കയറി വരുമ്പോൾ വലതു വശത്തായി ഒരു ചെറിയ പച്ചക്കറിത്തോട്ടം. കുറച്ചു വാഴയും ഉണ്ട്. ഏതോ ഒരു തവണ ചോളം കൃഷി ചെയ്തത് ഞാനോർക്കുന്നു. അവിടന്ന് വലതു വശത്തെ അതിരു വരെ, പിന്നെ അവിടന്ന് പുറകിലേക്കും കുറെ തേക്ക് മരങ്ങൾ ഉണ്ടായിരുന്നു.  ഏറ്റവും പുറകിലായി ഒരു മുളങ്കാടും. വീടിന്റെ വലതു വശത്തായി ഒരു വലിയ മുറ്റം ആയിരുന്നു. ചരൽ മണല് നിറഞ്ഞ ആ മുറ്റത്ത് ഒരു വെക്കേഷന് റിലേറ്റീവ്സ് എല്ലാരും കൂടെ കണ്ണ് കെട്ടിക്കളിച്ച ചെറിയൊരു ഓർമയുണ്ട്. ഈ വലിയ മുറ്റത്തോടു ചേർന്ന് ഒരു കാലിത്തൊഴുത്തും, തൊട്ടടുത്തായി ഒരു ചാണകക്കുഴിയ്യും ഉണ്ടായിരുന്നു. മഴക്കാലത്തു ചാണകക്കുഴിയിൽ വെള്ളം നിറയുമ്പോൾ ഞാൻ ഒരു കമ്പിൽ ചരട് കെട്ടി മീൻ പിടിക്കാൻ പോയിരിക്കും. അതിലെ മാക്രിക്കുഞ്ഞുങ്ങൾ മീൻ ആണെന്നായിരുന്നു ഒരു കാലത്ത് ഞാൻ കരുതിയിരുന്നത്. തൊഴുത്തിന്റെ കുറച്ചു പുറകിലായി ഒരു വലിയ പാലമരമുണ്ട്. അതും കഴിഞ്ഞു കുറച്ചു പുറകിലായിട്ടായിരുന്നു കുളിമുറിയും, ടോയ്‌ലറ്റും ഉണ്ടായിരുന്നത്. പാലമരത്തിൽ യക്ഷി താമസിക്കുന്നുണ്ടെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ വിശ്വാസം. അത് കൊണ്ട് തന്നെ രാത്രി ടോയ്‌ലെറ്റിൽ പോകണമെങ്കിൽ സെക്യൂരിറ്റി ഗാർഡ്‌സ് നിർബന്ധമായിരുന്നു.  വീടിനെക്കുറിച്ചു പറഞ്ഞാൽ നേരത്തെ പറഞ്ഞ പോലെ, ഒരു മന പോലത്തെ വലിയ വീടാണ്. താഴെ രണ്ടു മുറികളും, മുകളിലായി രണ്ടു മുറികളും. താഴത്തെ നിലയിൽ വീടിന്റെ ചുറ്റിലുമായി ഒരു ഇടനാഴി പോലത്തെ സ്ഥലമുണ്ട്. അതിനു ചുറ്റിലുമായി പനമ്പട്ട കൊണ്ടുള്ള സൺഷൈഡും ഉണ്ടായിരുന്നു. 

ഞാൻ അപ്പോൾ സ്കൂൾ-ൽ ഒന്നും പോയിത്തുടങ്ങിയിട്ടില്ല. തൊട്ടടുത്ത വീട്ടിലെ രാജു ഏട്ടന്റെ മുത്തശ്ശി തന്ന രാമായണത്തിന്റെയും, മഹാഭാരതത്തിന്റെയും നല്ല കട്ടിയുള്ള ചിത്രകഥകൾ വായിച്ചാണ് ഞാൻ മലയാളം പഠിച്ചത്. അവരുടെ മോന് പ്രിന്റിങ് പ്രെസ്സ് ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ബാലരമ വരുത്തിത്തുടങ്ങി.  മാസത്തിൽ ഒരു തവണ വരുന്ന ബാലരമ ആദ്യം വായിക്കാനായി ഞാനും, ചേട്ടനും സ്ഥിരം അടിപിടിയായിരുന്നു. അവൻ ഒളിച്ചിരുന്ന്  പേപ്പർകാരൻ വരുമ്പോൾ ഓടിപ്പോയി വാങ്ങിക്കും. അപ്പോൾ അച്ഛന് ഒരു റാലി സൈക്കിൾ ഉണ്ടായിരുന്നു. അതിൻ്റെ മുന്നിൽ കേറിയിരുന്ന്, ആലത്തൂർ പണി നടക്കുന്ന വീട്ടിലേക്ക് പോകുന്നത് നല്ല രസമായിരുന്നു. മലമലമുക്ക് എത്തുമ്പോൾ വലിയൊരു ഇറക്കമുണ്ട്. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ റോളർ കോസ്റ്റർ റൈഡ്. 

2024 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ലെച്ചു

ലെച്ചു ഇപ്പോ അത്യാവശ്യം നന്നായിട്ട് ചെസ്സ് കളിക്കും. കഴിഞ്ഞ ദിവസം ഏതോ കോംപെറ്റീഷന് പോയിട്ട് സമ്മാനമൊക്കെ കിട്ടി. അന്ന് വൈകീട്ട് എന്നെ കുറെ വെല്ലു വിളിച്ചു നോക്കി, അവളുടെ കൂടെ കളിച്ചു ജയിക്കാൻ. ഞാനുണ്ടോ പോകുന്നു. എങ്ങാനും തോറ്റാൽ പിന്നെ രണ്ടാഴ്ച്ച ഉറങ്ങാൻ സമ്മതിക്കില്ല. നാടു വിടാനും ഇപ്പോ നിവർത്തിയില്ലല്ലോ.🙄


എന്തായാലും പിറ്റേന്ന് രാവിലെ തന്നെ അടുത്ത് പിടിച്ചിരുത്തി നാലഞ്ചു ഉപദേശം അങ്ങട് കൊടുത്തു, വെറും ഫ്രീ ആയിട്ട്. നമ്മൾ ജയിക്കും തോറും വിനയം കാണിക്കണം, കളിയിൽ കള്ളത്തരം കാണിക്കരുത് എന്നൊക്കെ. പ്രത്യേകിച്ച് expression ഒന്നും ഇടാതെ അവളതൊക്കെ കേട്ടിരുന്നു. നന്നയിക്കാണുമെന്നു ഞാനും ആശിച്ചു. എവിടെ? ഒടുക്കം ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ എഴുന്നേറ്റ് പോയി. ഞാനും മനസ്സിൽ ഓർത്തു, മത്തൻ കുത്തിയാൽ… 😌

അതിനു ശേഷം മനസ്സ് പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ, ഒരു ഇരുപത്തേഴു വർഷം പിന്നിലേക്ക് പോയി. അൽഫോൻസ് പുത്രൻ സ്റ്റൈൽ-ൽ കാണിച്ചാൽ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ. വർഷം 1996-97. നാട്ടിലെ ലോക്കൽ ക്ലബ് വാർഷികത്തിലും, ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും ഫസ്റ്റ് അടിച്ച അഹങ്കാരത്തിൽ ആദ്യമായി സ്റ്റേറ്റ് കളിയ്ക്കാൻ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പോയ ദിവസം. ടൂർണമെന്റ് ഏകദേശം ഒരാഴ്ച ഉണ്ട്. അന്ന് ഉദ്ഘാടനം ചെയ്യാൻ വന്ന PT ഉഷയുടെ കണ്ണിൽ നോക്കി, അടുത്ത ആഴ്ച്ച ഒന്നാം സമ്മാനം തരേണ്ട ആൾ ദേ ഇവിടെ ഇരിക്കുന്നുണ്ട് എന്നുറക്കെ വിളിച്ചു പറയാൻ എന്റെ മനസ്സു വെമ്പൽ കൊണ്ടു. പക്ഷെ, തല്ക്കാലം ആ രഹസ്യം എന്നിൽ തന്നെ ഇരിക്കട്ടെ എന്ന് കരുതി എല്ലാം അടക്കിപ്പിടിച്ചു, അവിടെ അടങ്ങി ഒതുങ്ങി ഇരുന്നു. Because, I hated publicity even at that age.😎

ഫസ്റ്റ് മാച്ച് ന്റെ എതിരാളി വന്നപ്പോ ഞാൻ ബഹുത് ഖുശി. ഒരു 7-8 വയസ്സുള്ള നരന്ത് പയ്യൻ. അവനോടു ഞാൻ കണ്ണ് കൊണ്ട് സിഗ്നൽ കൊടുത്തു, എടാ മോനെ വേണേൽ ഇപ്പോ ഓടി രക്ഷപ്പെട്ടോ എന്നൊക്കെ. ചെക്കൻ എന്നെ മൈൻഡ് ചെയ്തില്ല. നിന്റെ വിധി നിന്റെ തീരുമാനം എന്ന് മനസ്സിൽ പറഞ് ഞാൻ ആദ്യത്തെ മൂവ് നടത്തി. കൃത്യം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ ശരീരമാകെ എന്തോ ഒരു വിറയൽ പോലെ. ചെക്കൻ വേറെ ലെവൽ കളി. പിന്നെ കണ്ണടച്ച് തുറക്കുമ്പോഴേക്കും എന്റെ പകുതി കരുക്കൾ അവന്റെ കയ്യിൽ. ഒരു മണിക്കൂർ തികച്ചു വേണ്ടി വന്നില്ല, എന്നെ അവൻ കണ്ടം വഴി ഓടിച്ചു. ഏതോ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഓടിയ പോലെ ഞാൻ അറഞ്ചം പുറഞ്ചം ഓടി (ഡാ പ്രേമാ എനിക്കീ ദേസത്തെ വഴി അറിഞ്ഞൂടെടാ).😫

പുറത്തു പോയി പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ടിരുന്നപ്പോ, എന്നെ ആശ്വസിപ്പിക്കാൻ ആരോ അടുത്ത് വരുന്നത് പോലെ തോന്നി. നോക്കിയപ്പോ സനിത സത്യൻ (സനിത അന്നത്തെ നാഷണൽ ചാമ്പ്യൻ ഒക്കെയായിരുന്നു). അവളെ കണ്ടപ്പോ എന്റെ മോങ്ങൽ പൊട്ടിക്കരച്ചിലായി മാറി. വിഷമം കൊണ്ടൊന്നും അല്ല. എന്റെ അമ്മയുടെ വീടിന്റെ തോട്ടടുത്താ സനിതയുടെ വീട്. ഇവൾ അത് അവിടെ പോയിപ്പറഞ്ഞാലുണ്ടാകുന്ന മാനഹാനി ഓർത്തിട്ടാ ഞാൻ രണ്ടാമതും വാവിട്ട് കരഞ്ഞത്.😭

എന്തായാലും ദൈവ കൃപ കൊണ്ട് ടൂർണമെന്റ് ഭംഗിയായി കഴിഞ്ഞു. എല്ലാ കളിയിലും ഞാൻ ഉജ്വലമായി തോറ്റു. എന്റെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോലും ഞാൻ പോയില്ല (ഹല്ല പിന്നെ).😏 PT ഉഷയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണെന്നും കൂട്ടിക്കോളൂ.🫣  (NB: അത് സനിത വാങ്ങിക്കൊണ്ടു വന്നു തന്നു). എന്തായാലും ആ ടൂർണമെന്റോടെ എന്റെ അഹങ്കാരം പൊടിക്ക് ശമിച്ചു.🥴 പിന്നെ ഞാനൊരിക്കലും അഹങ്കരിച്ചിട്ടില്ല മലയ്യാ..🤪

വീണ്ടും പ്രെസന്റ് ഡേ. വർഷം 2024. ഓർമയിൽ മുഴുകി, ഭ്രമയുഗത്തിലെ പാണനെപ്പോലെ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ലെച്ചു വീണ്ടും ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ ഒരു കളി കളിയ്ക്കാൻ വാ. ഞാൻ എഴുന്നേറ്റ് ഓടി. പാണൻ ഓടിയതിനേക്കാൾ ഇരട്ടി സ്പീഡിൽ. എന്റെ സിവനെ… 🏃🏻💨

പപ്പൂസ്

പപ്പൂസിനു എന്നും രാവിലെ ഒരു കഥ കേൾക്കണം. വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പ് വരെ എത്തുന്ന സമയത്തിനുള്ളിൽ ആക്ഷൻ, കോമഡി, സെന്റിമെൻസ് ഒക്കെ ഉള്ള ഒരു അടിപൊളി കഥ പറഞ്ഞു കൊടുക്കാൻ എനിക്ക് മാക്സിമം കിട്ടുന്നത് 4 മിനിറ്റ്. നല്ല മെസ്സേജ് ഉള്ള, ഹാപ്പി എൻഡിങ് കഥകളാണ് എന്നും പറഞ്ഞു കൊടുക്കാറുള്ളത്. കഥ കേട്ട സന്തോഷത്തിൽ കണ്ണിൽ നിന്നും മറയുന്ന വരെ അവൾ ടാറ്റ കാണിക്കും. 🥰


ചിലപ്പോൾ മാർവൽ പ്രപഞ്ചത്തിൽ നിന്നുള്ള സ്പൈഡർമാൻ വന്ന് അവളുടെ യൂണികോണിനെ രക്ഷിക്കും. അത് പോലെ പാവ് പട്രോൾ വണ്ടർ വുമണിനെ സഹായിക്കാൻ പോകും. ഒരുതരം കൊടുക്കൽ വാങ്ങൽ നയം. ഈ മൾട്ടിവേഴ്‌സ് സീൻ ഒക്കെ നമ്മൾ എപോഴേ വിട്ടതാ.😏 

പക്ഷെ, ഇപ്പോ പഴയ പോലെ കഥകൾ ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല. ചില സംശയങ്ങളൊക്കെ ചോദിച്ചു തുടങ്ങി. ഒട്ടും വിശ്വാസം വരാത്ത പോലെ. ജെയിംസ് കാമറൂൺ വരെ നാണിച്ചു പോകുന്ന ലോകോത്തര കഥകൾ പറയുന്ന നമ്മളെ ഒരു വിലയുമില്ലാതായിരിക്കുന്നു. മനസ്സ് പറഞ്ഞു, ഇവളെ ഇനിയും വളരാൻ അനുവദിച്ചു കൂടാ.

പറഞ്ഞു വന്നത്, ഈ കുട്ടികളൊക്കെ എത്ര വേഗത്തിലാ വളർന്നു വലുതാവുന്നെ? കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മൂത്തവൾ അങ്ങ് വലുതായി. ഇനി മാക്സിമം ഒരു 1-2 വര്ഷം കഴിഞ്ഞാൽ പപ്പൂസും അങ്ങ് സീരിയസ് ആകും. പിന്നെ ഞാൻ ആർക്ക് എന്റെ നുണക്കഥകൾ പറഞ്ഞു കൊടുക്കും? ആരെ തോളിൽ കേറ്റി ഉപ്പും ചാക്ക് കളിക്കും? ആരുടെ കൂടെ ക്രയോൺസ് കൊണ്ട് കളർ കൊടുക്കും? ആരുടെ കൂടെ ഇരുന്നു മൈ ലിറ്റിൽ പോണി കാണും?

പെൺകുട്ടികൾ വേഗത്തിൽ വളരുമത്രെ. ഒരു ടൈം മെഷീൻ കിട്ടിയാൽ എത്ര നന്നായിരുന്നു അല്ലെ? അതൊന്നും ഇപ്പോ നടക്കില്ലാല്ലോ. അപ്പോ മാക്സിമം ടൈം അവളുടെ കൂടെ ചിലവഴിക്കട്ടെ. അവളെ കുളിപ്പിച്ചു, മുടി ചീകി, ഡ്രസ്സ് ഇടീച്, സ്കൂൾ ൽ കൊണ്ട് വിട്ട്, ഉച്ചക്ക് ക്ലാസ് റൂം ന്റെ ഡോർ തുറന്നു കള്ളച്ചിരിയോടെ അവൾ ഓടി വരുന്നതു മാക്സിമം എന്ജോയ് ചെയ്യട്ടെ. ഇനിയും കളിച്ചു തീരാത്ത അവളുടെ നൂറായിരം കുറുമ്പുകൾ ആസ്വദിച്ചു കാണട്ടെ. കൊതി തീരുവോളം അവളെ എടുത്ത് നടക്കട്ടെ. അവൾക്ക് കൊടുക്കാനുള്ള ഒരായിരം ഉമ്മകൾ കൊടുത്തു തീർക്കട്ടെ. ആരോ പറഞ്ഞതു പോലെ, “Be happy for this moment. This moment is our life…” ❤️❤️