കാവശ്ശേരി. പാലക്കാട് ഉള്ള ഒരു കൊച്ചു ഗ്രാമം. എൻ്റെ ഓർമ്മ വെച്ച കാലം അവിടന്നാണ് തുടങ്ങുന്നത്. കാവശ്ശേരി പൂരം വളരെ ഫേമസ് ആണ്. ഒരു വലിയ മന പോലത്തെ വീട്ടിലാണ് അപ്പോൾ വാടകക്ക് താമസിച്ചിരുന്നത്. ഒരു വലിയ രണ്ടു നില വീട്. ചുറ്റിലുമായി ഏകദേശം ഒരു മൂന്നേക്കർ സ്ഥലം കാണും. മരത്തിന്റെ വലിയൊരു കവാടം പോലത്തെ ഗേറ്റ് ആണ്. കയറി വരുമ്പോൾ വലതു വശത്തായി ഒരു ചെറിയ പച്ചക്കറിത്തോട്ടം. കുറച്ചു വാഴയും ഉണ്ട്. ഏതോ ഒരു തവണ ചോളം കൃഷി ചെയ്തത് ഞാനോർക്കുന്നു. അവിടന്ന് വലതു വശത്തെ അതിരു വരെ, പിന്നെ അവിടന്ന് പുറകിലേക്കും കുറെ തേക്ക് മരങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും പുറകിലായി ഒരു മുളങ്കാടും. വീടിന്റെ വലതു വശത്തായി ഒരു വലിയ മുറ്റം ആയിരുന്നു. ചരൽ മണല് നിറഞ്ഞ ആ മുറ്റത്ത് ഒരു വെക്കേഷന് റിലേറ്റീവ്സ് എല്ലാരും കൂടെ കണ്ണ് കെട്ടിക്കളിച്ച ചെറിയൊരു ഓർമയുണ്ട്. ഈ വലിയ മുറ്റത്തോടു ചേർന്ന് ഒരു കാലിത്തൊഴുത്തും, തൊട്ടടുത്തായി ഒരു ചാണകക്കുഴിയ്യും ഉണ്ടായിരുന്നു. മഴക്കാലത്തു ചാണകക്കുഴിയിൽ വെള്ളം നിറയുമ്പോൾ ഞാൻ ഒരു കമ്പിൽ ചരട് കെട്ടി മീൻ പിടിക്കാൻ പോയിരിക്കും. അതിലെ മാക്രിക്കുഞ്ഞുങ്ങൾ മീൻ ആണെന്നായിരുന്നു ഒരു കാലത്ത് ഞാൻ കരുതിയിരുന്നത്. തൊഴുത്തിന്റെ കുറച്ചു പുറകിലായി ഒരു വലിയ പാലമരമുണ്ട്. അതും കഴിഞ്ഞു കുറച്ചു പുറകിലായിട്ടായിരുന്നു കുളിമുറിയും, ടോയ്‌ലറ്റും ഉണ്ടായിരുന്നത്. പാലമരത്തിൽ യക്ഷി താമസിക്കുന്നുണ്ടെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ വിശ്വാസം. അത് കൊണ്ട് തന്നെ രാത്രി ടോയ്‌ലെറ്റിൽ പോകണമെങ്കിൽ സെക്യൂരിറ്റി ഗാർഡ്‌സ് നിർബന്ധമായിരുന്നു. വീടിനെക്കുറിച്ചു പറഞ്ഞാൽ നേരത്തെ പറഞ്ഞ പോലെ, ഒരു മന പോലത്തെ വലിയ വീടാണ്. താഴെ രണ്ടു മുറികളും, മുകളിലായി രണ്ടു മുറികളും. താഴത്തെ നിലയിൽ വീടിന്റെ ചുറ്റിലുമായി ഒരു ഇടനാഴി പോലത്തെ സ്ഥലമുണ്ട്. അതിനു ചുറ്റിലുമായി പനമ്പട്ട കൊണ്ടുള്ള സൺഷൈഡും ഉണ്ടായിരുന്നു.
ഞാൻ അപ്പോൾ സ്കൂൾ-ൽ ഒന്നും പോയിത്തുടങ്ങിയിട്ടില്ല. തൊട്ടടുത്ത വീട്ടിലെ രാജു ഏട്ടന്റെ മുത്തശ്ശി തന്ന രാമായണത്തിന്റെയും, മഹാഭാരതത്തിന്റെയും നല്ല കട്ടിയുള്ള ചിത്രകഥകൾ വായിച്ചാണ് ഞാൻ മലയാളം പഠിച്ചത്. അവരുടെ മോന് പ്രിന്റിങ് പ്രെസ്സ് ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ബാലരമ വരുത്തിത്തുടങ്ങി. മാസത്തിൽ ഒരു തവണ വരുന്ന ബാലരമ ആദ്യം വായിക്കാനായി ഞാനും, ചേട്ടനും സ്ഥിരം അടിപിടിയായിരുന്നു. അവൻ ഒളിച്ചിരുന്ന് പേപ്പർകാരൻ വരുമ്പോൾ ഓടിപ്പോയി വാങ്ങിക്കും. അപ്പോൾ അച്ഛന് ഒരു റാലി സൈക്കിൾ ഉണ്ടായിരുന്നു. അതിൻ്റെ മുന്നിൽ കേറിയിരുന്ന്, ആലത്തൂർ പണി നടക്കുന്ന വീട്ടിലേക്ക് പോകുന്നത് നല്ല രസമായിരുന്നു. മലമലമുക്ക് എത്തുമ്പോൾ വലിയൊരു ഇറക്കമുണ്ട്. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ റോളർ കോസ്റ്റർ റൈഡ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ