ലെച്ചു ഇപ്പോ അത്യാവശ്യം നന്നായിട്ട് ചെസ്സ് കളിക്കും. കഴിഞ്ഞ ദിവസം ഏതോ കോംപെറ്റീഷന് പോയിട്ട് സമ്മാനമൊക്കെ കിട്ടി. അന്ന് വൈകീട്ട് എന്നെ കുറെ വെല്ലു വിളിച്ചു നോക്കി, അവളുടെ കൂടെ കളിച്ചു ജയിക്കാൻ. ഞാനുണ്ടോ പോകുന്നു. എങ്ങാനും തോറ്റാൽ പിന്നെ രണ്ടാഴ്ച്ച ഉറങ്ങാൻ സമ്മതിക്കില്ല. നാടു വിടാനും ഇപ്പോ നിവർത്തിയില്ലല്ലോ.
എന്തായാലും പിറ്റേന്ന് രാവിലെ തന്നെ അടുത്ത് പിടിച്ചിരുത്തി നാലഞ്ചു ഉപദേശം അങ്ങട് കൊടുത്തു, വെറും ഫ്രീ ആയിട്ട്. നമ്മൾ ജയിക്കും തോറും വിനയം കാണിക്കണം, കളിയിൽ കള്ളത്തരം കാണിക്കരുത് എന്നൊക്കെ. പ്രത്യേകിച്ച് expression ഒന്നും ഇടാതെ അവളതൊക്കെ കേട്ടിരുന്നു. നന്നയിക്കാണുമെന്നു ഞാനും ആശിച്ചു. എവിടെ? ഒടുക്കം ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ എഴുന്നേറ്റ് പോയി. ഞാനും മനസ്സിൽ ഓർത്തു, മത്തൻ കുത്തിയാൽ…

അതിനു ശേഷം മനസ്സ് പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ, ഒരു ഇരുപത്തേഴു വർഷം പിന്നിലേക്ക് പോയി. അൽഫോൻസ് പുത്രൻ സ്റ്റൈൽ-ൽ കാണിച്ചാൽ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ. വർഷം 1996-97. നാട്ടിലെ ലോക്കൽ ക്ലബ് വാർഷികത്തിലും, ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും ഫസ്റ്റ് അടിച്ച അഹങ്കാരത്തിൽ ആദ്യമായി സ്റ്റേറ്റ് കളിയ്ക്കാൻ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പോയ ദിവസം. ടൂർണമെന്റ് ഏകദേശം ഒരാഴ്ച ഉണ്ട്. അന്ന് ഉദ്ഘാടനം ചെയ്യാൻ വന്ന PT ഉഷയുടെ കണ്ണിൽ നോക്കി, അടുത്ത ആഴ്ച്ച ഒന്നാം സമ്മാനം തരേണ്ട ആൾ ദേ ഇവിടെ ഇരിക്കുന്നുണ്ട് എന്നുറക്കെ വിളിച്ചു പറയാൻ എന്റെ മനസ്സു വെമ്പൽ കൊണ്ടു. പക്ഷെ, തല്ക്കാലം ആ രഹസ്യം എന്നിൽ തന്നെ ഇരിക്കട്ടെ എന്ന് കരുതി എല്ലാം അടക്കിപ്പിടിച്ചു, അവിടെ അടങ്ങി ഒതുങ്ങി ഇരുന്നു. Because, I hated publicity even at that age.

ഫസ്റ്റ് മാച്ച് ന്റെ എതിരാളി വന്നപ്പോ ഞാൻ ബഹുത് ഖുശി. ഒരു 7-8 വയസ്സുള്ള നരന്ത് പയ്യൻ. അവനോടു ഞാൻ കണ്ണ് കൊണ്ട് സിഗ്നൽ കൊടുത്തു, എടാ മോനെ വേണേൽ ഇപ്പോ ഓടി രക്ഷപ്പെട്ടോ എന്നൊക്കെ. ചെക്കൻ എന്നെ മൈൻഡ് ചെയ്തില്ല. നിന്റെ വിധി നിന്റെ തീരുമാനം എന്ന് മനസ്സിൽ പറഞ് ഞാൻ ആദ്യത്തെ മൂവ് നടത്തി. കൃത്യം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ ശരീരമാകെ എന്തോ ഒരു വിറയൽ പോലെ. ചെക്കൻ വേറെ ലെവൽ കളി. പിന്നെ കണ്ണടച്ച് തുറക്കുമ്പോഴേക്കും എന്റെ പകുതി കരുക്കൾ അവന്റെ കയ്യിൽ. ഒരു മണിക്കൂർ തികച്ചു വേണ്ടി വന്നില്ല, എന്നെ അവൻ കണ്ടം വഴി ഓടിച്ചു. ഏതോ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഓടിയ പോലെ ഞാൻ അറഞ്ചം പുറഞ്ചം ഓടി (ഡാ പ്രേമാ എനിക്കീ ദേസത്തെ വഴി അറിഞ്ഞൂടെടാ).

പുറത്തു പോയി പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ടിരുന്നപ്പോ, എന്നെ ആശ്വസിപ്പിക്കാൻ ആരോ അടുത്ത് വരുന്നത് പോലെ തോന്നി. നോക്കിയപ്പോ സനിത സത്യൻ (സനിത അന്നത്തെ നാഷണൽ ചാമ്പ്യൻ ഒക്കെയായിരുന്നു). അവളെ കണ്ടപ്പോ എന്റെ മോങ്ങൽ പൊട്ടിക്കരച്ചിലായി മാറി. വിഷമം കൊണ്ടൊന്നും അല്ല. എന്റെ അമ്മയുടെ വീടിന്റെ തോട്ടടുത്താ സനിതയുടെ വീട്. ഇവൾ അത് അവിടെ പോയിപ്പറഞ്ഞാലുണ്ടാകുന്ന മാനഹാനി ഓർത്തിട്ടാ ഞാൻ രണ്ടാമതും വാവിട്ട് കരഞ്ഞത്.

എന്തായാലും ദൈവ കൃപ കൊണ്ട് ടൂർണമെന്റ് ഭംഗിയായി കഴിഞ്ഞു. എല്ലാ കളിയിലും ഞാൻ ഉജ്വലമായി തോറ്റു. എന്റെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോലും ഞാൻ പോയില്ല (ഹല്ല പിന്നെ).
PT ഉഷയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണെന്നും കൂട്ടിക്കോളൂ.
(NB: അത് സനിത വാങ്ങിക്കൊണ്ടു വന്നു തന്നു). എന്തായാലും ആ ടൂർണമെന്റോടെ എന്റെ അഹങ്കാരം പൊടിക്ക് ശമിച്ചു.
പിന്നെ ഞാനൊരിക്കലും അഹങ്കരിച്ചിട്ടില്ല മലയ്യാ..
വീണ്ടും പ്രെസന്റ് ഡേ. വർഷം 2024. ഓർമയിൽ മുഴുകി, ഭ്രമയുഗത്തിലെ പാണനെപ്പോലെ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ലെച്ചു വീണ്ടും ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ ഒരു കളി കളിയ്ക്കാൻ വാ. ഞാൻ എഴുന്നേറ്റ് ഓടി. പാണൻ ഓടിയതിനേക്കാൾ ഇരട്ടി സ്പീഡിൽ. എന്റെ സിവനെ…


